കോഴിക്കോട്: അന്തരിച്ച മലയാള നടൻ മാമൂക്കോയയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടെ അരക്കിണറിലെ 'അൽ സുമാസ്' വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.കൂടാതെ മാമുക്കോയയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനമറിയിച്ചു.
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഔദ്യോഗിക പരിപാടികൾക്കായി മുഖ്യമന്ത്രി ഇന്ന് കോഴിക്കോടുണ്ട്.
അതേസമയം നടൻ സുരേഷ് ഗോപിയും ഇന്ന് രാവിലെ മാമുക്കോയയുടെ വീട് സന്ദർശിച്ചിരുന്നു . രൂപത്തിലും ഭാവത്തിലും അഭിനയത്തിലും മികവ് പുലർത്തിയ കലാകാരനായിരുന്നു മാമുക്കോയ എന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. വലിയ നടന്റെ വിയോഗം സിനിമ രംഗത്ത് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ശനിയാഴ്ച ആരോഗ്യ മന്ത്രി വീണാ ജോർജ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എം പി എന്നിവരും മാമൂക്കോയയുടെ വീട് സന്ദർശിച്ചിരുന്നു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. മലുപ്പുറത്ത് പൂങ്ങോട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
No comments:
Post a Comment