🇶🇦 ലോകത്തെ ഏറ്റവും വലിയ കൊടുമുടികളില്‍ ഒന്നില്‍ ഖത്തര്‍ പതാക പറത്തി സ്വദേശി യുവതി.

🇶🇦 ഖത്തര്‍ ലോകകപ്പിന് ഹോം സ്റ്റേ ആതിഥേയത്വം; വാര്‍ത്ത വ്യാജമെന്ന് സുപ്രീം കമ്മറ്റി.

🇰🇼 മയക്ക് മരുന്ന് കേസില്‍ പിടിയിലായ കുവൈത്തി അഭിനേതാവിന് അഞ്ച് വര്‍ഷം തടവു ശിക്ഷ.

🇦🇪 ദുബായിൽ കാർ ഡീലർഷിപ്പിൽ വൻ തീപിടിത്തം ; നിരവധി വാഹനങ്ങൾ കത്തി നശിച്ചു.

🇸🇦 പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്പ്.

🇰🇼 മെട്രോയിൽ പി.സി.ആർ പരിശോധനക്ക് 13 ദീനാർ മാത്രം .

വർത്തകൾ വിശദമായി ;

ലോകത്തെ ഏറ്റവും വലിയ കൊടുമുടികളില്‍ ഒന്നില്‍ ഖത്തര്‍ പതാക പറത്തി സ്വദേശി യുവതി..

ദോഹ: ലോകത്തെ ഏറ്റവും വലിയ കൊടുമുടികളില്‍ ഒന്നില്‍ ഖത്തര്‍ പതാക പറത്തിയ ഖത്തര്‍ പൗര ശൈഖ അസ്മാ അല്‍ താനി ശ്രദ്ധ നേടി. ഖത്തറിന്റെയും അറബ് സ്ത്രീകളുടെയും ചരിത്രത്തില്‍ ആദ്യമായി ഓക്‌സിജന്‍ യന്ത്രം ഉപയോഗിക്കാതെ ലോകത്തിലെ എട്ടാമത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ മനാസ്ലു പര്‍വതത്തിന്റെ മുകളിലെത്തിയാണ് അസ്മാ ശ്രദ്ധ നേടിയത്.

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ട്വിറ്ററില്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 8163 മീറ്റര്‍ ഉയരത്തില്‍ ശൈഖ അസ്മ ഖത്തര്‍ പതാക പറപ്പിക്കുനന്തിന്റെ ചിത്രവും അധികൃതര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

ഖത്തര്‍ ലോകകപ്പിന് ഹോം സ്റ്റേ ആതിഥേയത്വം; വാര്‍ത്ത വ്യാജമെന്ന് സുപ്രീം കമ്മറ്റി ..

ദോഹ : ഖത്തര്‍ ലോക കപ്പിനെതിരെ യു.എ.ഇ ആസ്ഥാനമായ മാധ്യമ സ്ഥാപനങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടു സുപ്രീം കമ്മറ്റി വിശദീകരണ കുറിപ്പ് ഇറക്കിയത്.

ഖത്തര്‍ ലോക കപ്പില്‍ ഹോം സ്റ്റേകള്‍ക്കായി വിവിധ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ ചില സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. പലരും ഇത് വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഭാഷകള്‍ക്ക് അടിസ്ഥാനമായി ലോക കപ്പ് കളിയാരാധകര്‍ക്ക് ഇടങ്ങള്‍ അനുവദിക്കുമെന്ന പ്രചരണം ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന പോസ്റ്റുകള്‍ക്ക് സുപ്രീം കമ്മറ്റിയുടെ ലോഗോയുണ്ടായിരുന്നില്ല എന്ന കാര്യവും ശ്രദ്ധേയമായിരുന്നു. ഇത്തരം പോസ്റ്റുകളോ വാര്‍ത്തകളോ സുപ്രീം കമ്മറ്റിയുമായി ബന്ധപ്പെട്ടതല്ലെന്നും എമിറേറ്റ്‌സ് ആസ്ഥാനമായ വാര്‍ത്ത ചാനലുകളാണ് ഇതിനു പിന്നിലെന്നും പ്രാദേശിക വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

മയക്കു മരുന്ന് കേസില്‍ പിടിയിലായ കുവൈത്തി അഭിനേതാവിന് അഞ്ച് വര്‍ഷം തടവു ശിക്ഷ..

കുവൈത്ത് സിറ്റി: മയക്കു മരുന്ന് കേസില്‍ പിടിയിലായ പ്രമുഖ കുവൈത്തി അഭിനേതാവിന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചതായി അല്‍ റായ പത്രം റിപ്പോര്‍ട്ട് ചെയ്തു. 5,000 കുവൈറ്റത്ത് ദിനാര്‍ പിഴയും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഈ പ്രമുഖ നടനെ പൊലീസ് മയക്ക് മരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഇടപാടുകാര്‍ക്കും പ്രമോട്ടര്‍മാര്‍ക്കുമെതിരെ കുവൈത്ത് സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ദുബായിൽ കാർ ഡീലർഷിപ്പിൽ വൻ തീപിടിത്തം ; നിരവധി വാഹനങ്ങൾ കത്തി നശിച്ചു ..

ദുബായിൽ ഇന്ന് രാവിലെ കാർ ഡീലർഷിപ്പിലുണ്ടായ തീപിടുത്തത്തെ തുടർന്ന് 55 വാഹനങ്ങൾ കത്തി നശിച്ചു. ദുബായ് റാസൽ ഖോർ മേഖലയിലെ അൽ അഹ്ലി മോട്ടോഴ്സിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്.

നെഡ് അൽ ഷാബ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീപിടുത്തം നിയന്ത്രണവിധേയമാക്കിയിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിസരത്തെ ഒരു ഷോറൂമിൽ തീ പടർന്നത് ഏഴ് സ്ഥലങ്ങളിലേക്ക് പടരുന്നതിന് മുമ്പ് തീ നിയന്ത്രണവിധേയമാക്കാൻ അൽ ഖുസൈസ്, പോർട്ട് സയീദ് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും എത്തിയിരുന്നു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്പ്..

ജിദ്ദ: പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്. ഇമ്യൂൺ സ്റ്റാറ്റസിന്മേലുള്ള തട്ടിപ്പുകൾക്ക് തടയിടുന്നതിനാണ് പുതിയ അപ്ഡേഷൻ. സൗദി പൗരന്മാർക്കും രാജ്യത്തെ വിദേശികൾക്കും കോവിഡ് സാഹചര്യത്തിൽ ഗവൺമെൻറുമായി ബന്ധപ്പെട്ട വ്യക്തിഗത സേവനങ്ങൾക്കുള്ള മൊബൈൽ ആപ്പാണിത്. ഇനി മുതൽ ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കാത്ത രൂപത്തിലാണ് പുതിയ സെക്യൂരിറ്റി അപ്ഡേഷൻ വന്നത്.

ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിച്ചാൽ സെക്യൂരിറ്റി പോളിസി കാരണം സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ലെന്ന മെസേജാവും ആൻഡ്രോയിഡ് ഫോണുകളിൽ ലഭിക്കുക. ആപ്പിൾ ഫോണുകളിൽ വെള്ള നിറത്തിലുള്ള സ്ക്രീനും. ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കുന്നതിന് മാത്രമേ വിലക്കുള്ളൂ. ഹെൽത്ത് പാസ്പോർട്ട് തുടങ്ങി മറ്റു കാര്യങ്ങളുടെ സ്ക്രീൻ ഷോട്ട് എടുക്കുന്നതിന് ഇപ്പോഴും സാധിക്കും. സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുന്നത് പിടിക്കാൻ ആഴ്ചകൾക്ക് മുമ്പ് തവക്കൽന സ്റ്റാറ്റസിെൻറ ചുറ്റും മൂവിങ് ഫ്രെയിം കൊടുത്ത് അപ്പിൽ അപ്ഡേഷൻ നടത്തിയിരുന്നു. അതിന് പുറമെയാണിപ്പോൾ കൂടുതൽ സുരക്ഷിതത്വം ലക്ഷ്യമിട്ട് പുതിയ അപ്ഡേഷൻ.

വാക്സിൻ എടുക്കേണ്ട ആവശ്യമില്ലാത്ത വിഭാഗങ്ങൾക്കായി പ്രത്യേക സ്റ്റാറ്റസ് ഉൾപ്പെടുത്തിയും താവക്കൽന അടുത്തിടെ അപ്ഡേഷൻ നടത്തിയിരുന്നു. നാട്ടിൽ നിന്ന് തവക്കൽന ആപ്പിൽ പുതുതായി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് തവക്കൽന വീണ്ടും ഓർമപ്പെടുത്തി. എന്നാൽ സൗദിയിൽ നിന്ന് നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ഫോൺ നമ്പർ ആക്റ്റീവ് ആണെങ്കിൽ നാട്ടിൽ നിന്ന് തവക്കൽന ആപ്പിൽ പ്രാവേശിക്കാൻ സാധിക്കും.

മെട്രോയിൽ പി.സി.ആർ പരിശോധനക്ക് 13 ദീനാർ മാത്രം ..

കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ കെയർ ഫർവാനിയ ശാഖയിലും സാൽമിയ ഫിഫ്ത് റിങ് റോഡിലെ സൂപ്പർ മെട്രോയിലും സാൽമിയയിൽ തന്നെയുള്ള ന്യൂ മെട്രോയിലും പി.സി.ആർ പരിശോധനക്ക് 13 ദീനാർ മാത്രമാണ് നിരക്കെന്നും നാട്ടിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ പോകുമ്പോഴും തിരിച്ചുവരുമ്പോഴും ആവശ്യംവരുന്ന രണ്ട് പി.സി.ആർ പരിശോധനകൾക്ക് ഒരുമിച്ചുള്ള നിരക്ക് 24 ദീനാർ ആയി ചുരുക്കിയെന്നും മാനേജ്മെൻറ് അറിയിച്ചു.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിവിധ ശാഖകളിലായി പ്രവർത്തനസജ്ജമാവുന്ന ഓപൺ എം.ആർ.ഐ, സി.ടി സ്കാനുകൾ എന്നിവക്ക് പുറമെ ഡെക്സ സ്കാൻ (ബോൺ മിനറൽ ഡെൻസിറ്റി സ്കാൻ) പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക്‌ പ്രാപ്യമായ രീതിയിൽ നിരക്കുകൾ നിജപ്പെടുത്തും. സാൽമിയ സൂപ്പർ മെട്രോയിൽ വൈകാതെ പ്രവർത്തനമാരംഭിക്കുന്ന ഡേ കെയർ സർജറി യൂനിറ്റ് മൈനർ സർജറികൾക്ക് നാട്ടിലേക്കു പോകേണ്ടിവരുന്ന അവസ്ഥയിൽനിന്നും പ്രവാസികൾക്ക് ആശ്വാസമാവുമെന്നും മാനേജ്മെൻറ് സൂചിപ്പിച്ചു. മെട്രോയുടെ പുതിയ ശാഖകൾ ഫഹാഹീലിലും ജഹ്റയിലും വൈകാതെ തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.