2013 ഐപിഎലിലെ വാതുവെപ്പ് ആരോപണങ്ങൾ നിഷേധിച്ച്  മലയാളി താരം എസ് ശ്രീശാന്ത്.

2013ലെ ഐപിഎൽ വാതുവെപ്പ് വിവാദമാണ് മലയാളി ക്രിക്കറ്റ‍ർ എസ് ശ്രീശാന്തിൻെറ കരിയ‍ർ തകർത്ത് കളഞ്ഞത്. ടി20 ലോകകപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിയപ്പോൾ ടീമംഗമായിരുന്നു മലയാളി താരം ശ്രീശാന്ത്. വിദേശ പിച്ചുകളിൽ നന്നായി പന്തെറിയുന്ന ഇന്ത്യൻ പേസ‍‍ർ കൂടിയായിരുന്നു ശ്രീശാന്ത്‌.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കവേയാണ് വാതുവെപ്പ് കേസിൽ ശ്രീശാന്ത്‌ അറസ്റ്റിലാവുന്നത്. പിന്നീട് ശ്രീശാന്തടക്കം മൂന്ന് കളിക്കാർക്ക് ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നു.

അന്ന് ഞാൻ നടത്തുന്ന പാർട്ടികൾക്ക് രണ്ട് ലക്ഷം രൂപയോളം ചെലവ് വരുമായിരുന്നു. പിന്നെ, വെറും 10 ലക്ഷം രൂപയ്ക്ക് വേണ്ടി താൻ എന്തിന് അത് ചെയ്യണം എന്നാണ് ശ്രീശാന്തിൻ്റെ ചോദ്യം. പ്രമുഖ സ്‌പോർട്‌സ് വെബ്‌സൈറ്റായ സ്‌പോർട്‌സ് കീഡയുമായി സംസാരിക്കുകയായിരുന്നു താരം മനസ്സ് തുറന്നത്.

"ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുക എന്നായിരുന്നു എന്റെ ഒരേയൊരു ലക്ഷ്യം. അങ്ങനെയുള്ള ഞാനെന്തിന് ഇത്തരത്തിൽ ചെയ്യണം? അതും വെറും 10 ലക്ഷം രൂപയ്ക്ക്.മേനി നടിക്കുന്നതല്ല, പക്ഷേ, ഞാൻ നടത്തുന്ന പാർട്ടികൾക്ക് ഏകദേശം 2 ലക്ഷം രൂപ ബിൽ വന്നിരുന്നു.

ഒരു ഓവറിൽ 14 റൺസോ മറ്റോ വിട്ടുകൊടുക്കണം എന്നായിരുന്നല്ലോ അന്നത്തെ വിഷയം. ഞാൻ നാല് പന്തിൽ നിന്ന് അഞ്ച് റൺസ് വഴങ്ങി. നോ ബോൾ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോൾ പോലുമില്ല. കാൽവിരലിൽ 12 ശസ്ത്രക്രിയകൾ കഴിഞ്ഞെങ്കിലും 30ന് മുകളിൽ വേഗതയിൽ  അന്ന് പന്ത് എറിയാൻ എനിക്ക് സാധിച്ചിരുന്നു.

2013 ഐപിഎൽ വാതുവയ്പ്പിൽ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ താരത്തിന്റെ ക്രിക്കറ്റ് കരിയറിന് തിരശീല വീണു. ശ്രീശാന്തിനെതിരെ തെളിവുകൾ ഇല്ലാതിരുന്നിട്ടും ബിസിസിഐ വിലക്ക് പിൻവലിക്കാൻ തയ്യാറായില്ല . ഇതിനെ തുടർന്ന് ബിസിസിഐക്ക് എതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 2020ൽ വാദത്തിനിടെ ബിസിസിഐയോട് വിലക്ക് കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ബിസിസിഐ ഓമ്പുഡ്‌സ്മാൻ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വർഷമായി വെട്ടിച്ചുരുക്കി. സെപ്തംബർ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.

വിലക്ക് അവസാനിച്ചതിനെ തുടർന്ന് കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ടൂർണമെൻ്റുകളുടെ കഴിഞ്ഞ സീസണിൽ ശ്രീശാന്ത് കളിച്ചിരുന്നു. മത്സങ്ങളിൽ ഭേദപ്പെട്ട പ്രകടനങ്ങൾ നടത്താനും ശ്രീശാന്തിനു സാധിച്ചു. എങ്കിലും ഐപിഎൽ ടീമിൽ ഇടം നേടാൻ ശ്രീശാന്തിനു സാധിച്ചില്ല. വരുന്ന ആഭ്യന്തര സീസണിൽ മികച്ച പ്രകടനങ്ങൾ നടത്തി ഐപിഎൽ പ്രവേശനം നേടുകയാവും ശ്രീശാന്തിൻ്റെ ലക്ഷ്യം.