🇦🇪 ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ ദുബൈ അഞ്ചാമത്..

🇴🇲 ഒമാനിലെ ഫാമിൽ തീ പിടുത്തം ; ആളപായമില്ല..

🇧🇭 ബഹ്റൈനില്‍ മൂല്യ വര്‍ദ്ധിത നികുതി ഇരട്ടിയാക്കാന്‍ ആലോചന..

🇶🇦 ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 451 പേര്‍ക്കെതിരെ നടപടി..

🇰🇼 വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍..

വാർത്തകൾ വിശദമായി :

ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ ദുബൈ അഞ്ചാമത്..

ദുബൈ: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ ദുബൈയ്ക്ക് അഞ്ചാം സ്ഥാനം. റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ റാങ്കിങ്ങിലാണ് ദുബൈ അഞ്ചാമതെത്തിയത്. കാലാവസ്ഥ, സുരക്ഷ, ലാന്‍ഡ്മാര്‍ക്കുകള്‍, വിമാനത്താവളം, അടിസ്ഥാന സൗകര്യങ്ങള്‍, മ്യൂസിയങ്ങള്‍, കല, സംസ്‌കാരം, വിനോദം, ഹോട്ടല്‍, അഭിവൃദ്ധി, തൊഴില്‍ അവസരങ്ങള്‍ ഇവയെല്ലാം റാങ്കിങ്ങില്‍ വിലയിരുത്തി.

ഗൂഗിള്‍ സെര്‍ച്ച്, ഫേസ്ബുക്ക് ചെക് ഇന്‍, ഇന്‍സ്റ്റാഗ്രാം ഹാഷ്ഗാട് എന്നിവയും വിലയിരുത്തിയിട്ടുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ലണ്ടനാണ്. പാരീസ് രണ്ടാമതും ന്യൂയോര്‍ക്ക്, മോസ്‌കോ എന്നീ നഗരങ്ങള്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തുമുണ്ട്. അതേസമയം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലമായി ബുര്‍ജ് ഖലീഫയെ തെരഞ്ഞെടുത്തിരുന്നു. ഗൂഗിളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഢംബര യാത്രാ കമ്പനിയായ കുയോനി നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്.

ലോകത്തിലെ 66 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്തത് ബുര്‍ജ് ഖലീഫയാണ്. യാത്ര സംബന്ധിച്ചുള്ള ആകെ സെര്‍ച്ചുകളുടെ 37.5 ശതമാനമാണിത്. ഇന്ത്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്തോനേഷ്യ, ഫിജി, തുര്‍ക്‌മെനിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം ബുര്‍ജ് ഖലീഫയാണ് കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ ഇന്ത്യയുടെ താജ്മഹലായിരുന്നു സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്.

ഒമാനിലെ ഫാമിൽ തീ പിടുത്തം ; ആളപായമില്ല..

മസ്‍കത്ത്: ഒമാനിലെ സൗത്ത്‌ അല്‍ ബാത്തിനയിലെ ഒരു ഫാമിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു. തീപ്പിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ മസ്‍കത്ത്, സൗത്ത്‌ അല്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ നിന്നുള്ള അഗ്‍നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. ബര്‍ക വിലായത്തിലായിരുന്നു അപകടം നടന്ന ഫാം. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപമായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ബഹ്റൈനില്‍ മൂല്യ വര്‍ദ്ധിത നികുതി ഇരട്ടിയാക്കാന്‍ ആലോചന..

മനാമ: ബഹ്റൈനില്‍ മൂല്യ വര്‍ദ്ധിത നികുതി വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഇപ്പോഴുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എം.പിമാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച വിവിധ സാധ്യതകളിലാണ് നികുതി വര്‍ദ്ധനവുള്ളത്.

ശമ്പളം കുറയ്‍ക്കുക, സ്വദേശികള്‍ക്കുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ പരിമിതപ്പെടുത്തുക തുടങ്ങിയ സാധ്യതകളാണ് നികുതി ഇരട്ടിയാക്കുന്നതിന് പുറമെ പരിഗണനയിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാറിന്റ ഉന്നത പ്രതിനിധി സംഘം ഇത് സംബന്ധിച്ച് എം.പിമാരെയും ശുറാ കൗണ്‍സില്‍ അംഗങ്ങളെയും സന്ദര്‍ശിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ബോധ്യപ്പെടുത്തി. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ ഉടന്‍ തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.

കുടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയോ അല്ലെങ്കില്‍ കടുത്ത നടപടികളെടുത്ത് മുന്നോട്ടുള്ള മാര്‍ഗം ശരിപ്പെടുത്തുകയോ ആണ് മുന്നിലുള്ള രണ്ട് സാധ്യതകളെന്ന് പാര്‍ലമെന്റിന്റെ ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക് അഫയേഴ്‍സ് കമ്മിറ്റി ചെയര്‍മാന്‍ മഹ്‍മൂദ് അല്‍ ബഹ്‍റാനി പറഞ്ഞു. നികുതി ഇരട്ടിയാക്കുക, ശമ്പളം കുറയ്‍ക്കുക, ക്ഷേമ പദ്ധതികള്‍ കുറയ്‍ക്കുക എന്നിങ്ങനെ പരിമിതമായ വഴികളേ മുന്നിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നികുതി ഇരട്ടിയാക്കുമ്പോഴും ഇപ്പോള്‍ നികുതി ഇളവ് നല്‍കിയിട്ടുള്ള 94 നിത്യോപയോഗ വസ്‍തുക്കള്‍ക്കും 1400 സര്‍ക്കാര്‍ സേവനങ്ങള്‍ക്കും തുടര്‍ന്നും ഇളവുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 451 പേര്‍ക്കെതിരെ നടപടി..

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 451 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 360 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. മൊബൈലില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ഏഴ് പേരെയും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 84 പേരെയും പിടികൂടി.

എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

അതേസമയം ഖത്തറില്‍ കഴിഞ്ഞ ദിവസം 67 പേര്‍ക്കാണ് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 125 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. പുതിയ രോഗികളില്‍ 40 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. 27 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. ആകെ 605 പേരാണ് ഖത്തറില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോള്‍ 1434 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്.

വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: വന്‍ മയക്കുമരുന്ന് ശേഖരവുമായി കുവൈത്തിലെത്തിയ രണ്ട് പ്രവാസികള്‍ പിടിയിലായി. ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ (General Administration for Narcotics Control) ഉദ്യോഗസ്ഥരാണ് 50 കിലോഗ്രാം രാസ വസ്‍തുക്കളും (chemical substance) 20 കിലോഗ്രാം ഹാഷിഷും (hashish) രണ്ട് ഗ്രാം ഹെറോയിനും (heroin) പിടികൂടിയത്.
കുവൈത്തില്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്നതിനായി രണ്ട് പ്രവാസികള്‍ വന്‍തോതില്‍ നിരോധിത വസ്‍തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പരിശോധനകള്‍ക്കായി അധികൃതര്‍ കോടതി ഉത്തരവ് വാങ്ങിയ. ശേഷം ഇവരുടെ താമസ സ്ഥലങ്ങളില്‍ റെയ്‍ഡ് നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. 
ചോദ്യം ചെയ്യലില്‍ രണ്ട് പേരും കുറ്റം സമ്മതിച്ചു. മയക്കുമരുന്ന് തങ്ങളുടേത് തന്നെയെന്നും കള്ളക്കടത്തിനായി എത്തിച്ചതാണെന്നും ഉദ്യോഗസ്ഥരോട് സമ്മതിച്ചു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. പ്രതികള്‍ ഏഷ്യക്കാരായ പ്രവാസികളാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. പരിശോധനയുടെയും മയക്കുമരുന്ന് കണ്ടെടുക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും അധികൃകര്‍ പുറത്തുവിട്ടു