കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർനെറ്റിൽ തിരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ 'ഓപ്പറേഷൻ പി ഹണ്ട്' എന്ന പേരിൽ സിറ്റി സൈബർ സെല്ലും സിറ്റി സൈബർ ക്രൈം പൊലീസും നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, ഡസ്‌ക്‌ടോപ്പ് തുടങ്ങി 25 ഉപകരണങ്ങൾ പിടച്ചെടുത്തു. ഇവ കോടതിയിൽ ഹാജരാക്കി ഫോറൻസിക് പരിശോധനയ്ക്ക് ലാബിലേക്കയച്ചു.

കൊല്ലം സിറ്റി പരിധിയിൽപ്പെട്ട ഇരവിപുരം, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, കൊട്ടിയം ചാത്തന്നൂർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഓരോ ഇടങ്ങളിലും കൊല്ലം ഈസ്റ്റ്, പരവൂർ എന്നിവിടങ്ങളിൽ മൂന്നിടങ്ങളിലും കിളികൊല്ലൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ അഞ്ചിടങ്ങളിലുമാണ് പരിശോധന നടന്നത്.

സൈബറിടങ്ങളിൽ കുട്ടികളെ സംബന്ധിച്ച അശ്ലീലം തിരഞ്ഞവരാണ് പൊലീസ് നടപടിക്ക് വിധേയരായത്. ജില്ലാ സൈബർ വിഭാഗം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പരിശോധനകൾ നടത്തിയത്. എം.ബി.എക്കാർ, വിദ്യാർത്ഥികൾ, പ്ലംബർമാർ, ഹോട്ടൽ ജീവനക്കാർ, ഇലക്ട്രിഷ്യൻ, മേസ്തിരി പണിക്കാർ, സൂപ്പർ മാർക്കറ്റ് ജീവനക്കാർ, വെൽഡിംഗ് തൊഴിലാളി, വഴിയോര കച്ചവടക്കാർ എന്നിവരാണ് പ്രധാനമായും കുട്ടികളുടെ നഗ്നചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചത്.

ഫോറൻസിക് പരിശോധന ഫലം വന്നശേഷം അറസ്റ്റുകൾ ഉണ്ടാവുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ അറിയിച്ചു. സ്റ്റേഷനും സംയുക്തമായാണ് പരിശോധനകൾ നടത്തിയത്.

റിട്ടയേർഡ് എസ്.ഐയും കുടുങ്ങി..

പാലക്കാട്: കുട്ടികളുടെ അശ്ളീല വീഡിയോ കാണുക, പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിൽ റിട്ടയേഡ് എസ്.ഐ യും കുടുങ്ങി.

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ 59 കേന്ദ്രങ്ങളിലായി നടന്ന റെയ്ഡിലാണ് റിട്ടയേഡ് എസ്.ഐ കുരുങ്ങിയത്.

പാലക്കാട്ടെ കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരൻ എന്ന 60 കാരനാണ് പിടിയിലായത്. അറസ്റ്റിൽ ഭയന്നതിനെ തുടർന്ന് നിന്കുവേദന അംഭവപ്പെടുകയും പോലീസ് കസ്റ്റഡിയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തിട്ടുണ്ട്. ജില്ലയിൽ ഒട്ടാകെ 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനു ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകൾ മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് പിടികൂടി.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സൈബർ ഡോം, ഇന്റർപോൾ എന്നിവരാണ് പൊലീസിന് കൈമാറിയത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ മൂന്നു പേർ സമാനമായ കേസുകളിൽ പിടിയിലായിരുന്നു