hasnakarakattu posted: " നാഫിഹ് തിക്കോടി അന്നും പതിവ് പോലെ രാത്രിയിലെ ഒത്തുകൂടൽ തുടങ്ങാൻ പോവുകയാണ്. തട്ടുകടയിലെ സ്ട്രോങ്ങ് ചായയോടൊപ്പം ഒരു സിഗരറ്റ്.. പിന്നെ കുറേ വർത്തമാനവും.. അതാണ് ശീലം.ഈ ഒത്തുകൂടലുകളായിരുന്നു ഓരോ ദിവസത്തെയും മനോഹരമാക്കിയിരുന്നത്. അടുത്ത രാത്ര"
അന്നും പതിവ് പോലെ രാത്രിയിലെ ഒത്തുകൂടൽ തുടങ്ങാൻ പോവുകയാണ്.
തട്ടുകടയിലെ സ്ട്രോങ്ങ് ചായയോടൊപ്പം ഒരു സിഗരറ്റ്.. പിന്നെ കുറേ വർത്തമാനവും.. അതാണ് ശീലം. ഈ ഒത്തുകൂടലുകളായിരുന്നു ഓരോ ദിവസത്തെയും മനോഹരമാക്കിയിരുന്നത്. അടുത്ത രാത്രി വരെ സന്തോഷത്തോടെ ജീവിക്കാൻ ഈ നിമിഷങ്ങൾ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അശ്വിൻ നേരത്തേ വന്ന് സ്ഥലം പിടിച്ചിരിക്കുന്നു. പക്ഷേ സിദ്ധാർഥ് വന്നത് വരിഞ്ഞു കെട്ടിയ മാറാപ്പ് ഏന്തിയ അവന്റെ ഹിമാലയൻ ബൈക്കുമായിട്ടാണ്.
സിദ്ധാർഥ് ആളൊരു പാവമാണ്.. അമ്മയെയും പെങ്ങളും മാത്രമുള്ള അവന്, ജീവിതത്തിന്റെ പച്ചപ്പ് കാണാൻ വേണ്ടി വിദ്യാഭ്യാസം പാതിവഴിയിൽ ത്യജിക്കേണ്ടി വന്നിട്ടുണ്ട്. എല്ലാ തരം ജോലികളും ചെയ്യും.. അങ്ങനെ എല്ലാം കൂടി കിട്ടുന്ന തുകയുമായി ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ സുഖകരമായി ജീവിച്ചു പോകുന്നു.
പുതിയ ബൈക്ക് എടുത്തിട്ട് കുറച്ച് മാസങ്ങളേ ആയുള്ളൂ.. റൈഡിങ് പ്രാന്തൻ ആയത് കൊണ്ട് 'ഹിമാലയൻ' തന്നെ വേണം. ഇതിനിടെ ഒരുപാട് ട്രിപ്പ് പോയിരിക്കുന്നു.. അതിനൊക്കെയും അശ്വിൻ കൂടെയുണ്ടായിട്ടുണ്ട്. ഇന്നിപ്പോൾ വ്യത്യസ്തമായ ഒരു ചിന്തയുമായിട്ടാണ് സിദ്ധാർത്ഥ് വന്നത്. ഒറ്റയ്ക്കൊരു യാത്ര പോണം.. ഒരു സോളോ ട്രിപ്പ്.. പെട്ടെന്ന് തോന്നിയ ചിന്തയാണ്.. ഇപ്പോ തന്നെ പോണം.. ഇതാണ് മൂഡ്..
ചില തീരുമാനങ്ങൾ അങ്ങനെയാണ്.. പെട്ടെന്നാണ് അത് ഉണ്ടാവുക ഒരുപക്ഷേ നമ്മുടെ ഭാവി നിർണയിക്കാൻ ആ തീരുമാനങ്ങൾക്ക് കഴിഞ്ഞേക്കും.. തന്നെ കൂടാതെയുള്ള ഒറ്റയ്ക്കുള്ള യാത്രയ്ക്ക് ഇത്തിരി മുഷിഞ്ഞ ഭാവത്തോടെ അശ്വിൻ തന്റെ പരിഭവം അറിയിച്ചു. ഒത്തിരി സങ്കടം പറച്ചിലുകൾക്ക് ശേഷം ഇന്ന് തന്റെ വക സ്പെഷ്യൽ ഫുഡ് വാങ്ങി തരാമെന്നും രണ്ടുദിവസത്തിനുള്ളിൽ തന്നെ മടങ്ങിവരാം എന്നുമുള്ള സിദ്ധാർത്ഥിന്റെ വാക്കുകൾക്ക് മുന്നിൽ അശ്വിന് വഴങ്ങി കൊടുക്കേണ്ടിവന്നു.
അവരിരുവരും സാധാരണ കഴിക്കാറുള്ള തട്ടുകട വിട്ട് അധികം അകലെയല്ലാത്ത വലിയ ഹോട്ടലിൽ കയറി. മൂക്കറ്റം ഭക്ഷണം കഴിക്കുന്നതിനിടയിൽ ട്രിപ്പിനെ കുറിച്ചു മാത്രമായിരുന്നു അവരുടെ സംസാരം.
മൂന്നാറിലേക്കാണ് യാത്ര. . ഈ യാത്ര കഴിഞ്ഞ് വന്നിട്ട് നമുക്കൊരു ഓൾ ഇന്ത്യ യാത്ര പോകണം.. അങ്ങനെ ഒരോന്നും പറഞ് ആ അനുഭവം മനോഹരമായ മറ്റൊരു ദിവസം അവർക്ക് സമ്മാനിച്ചു. സിദ്ധാർത്ഥ് ബൈക്കിൽ കയറി.. ഡാ അമ്മയും പെങ്ങളും വീട്ടിൽ ഉണ്ട്ട്ടോ.. അവർക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നിന്നെ വിളിക്കും എന്താന്ന് വെച്ചാൽ ചെയ്തു കൊടുക്കണേ.. കണക്കൊക്കെ ഞാൻ വന്നിട്ട് സെറ്റ് ആക്കാം.. എന്നാ ശരി മച്ചാനെ വന്നിട്ട് കാണാം.. അകലേക്ക് മാഞ്ഞുപോകുന്ന സിദ്ധാർത്ഥ്ന്റെ വണ്ടിയുടെ ചുവന്ന ലൈറ്റ് മായുന്നത് വരെ അശ്വിൻ നോക്കി നിന്നു.. പതിയെ കണ്ണിൽ നിന്നും മാഞ്ഞു ഇല്ലാതായി. പിറ്റേന്ന് പ്രഭാതം.. ഉറക്കച്ചടവിൽ നിന്ന് എഴുന്നേറ്റ് അശ്വിൻ ഫോൺ നോക്കി. രണ്ടു നമ്പറിൽ നിന്നായി ഇരുപത്തി നാലു മിസ്സ്ഡ് കാൾ. സിദ്ധാർത്ഥിന്റെ അമ്മയാണ്. ഇത്രയും കാൾ വന്നിട്ട് താൻ കേട്ടില്ലല്ലോ എന്ന ജാള്യതയിൽ ഗാഢമായ ഉറക്കത്തെ ശപിച്ചു വേഗം അമ്മയെ തിരിച്ചു വിളിച്ചു.
'മോനെ കുറച്ചു മുമ്പേ ഒരാൾ വിളിച്ചിരുന്നു.. സിദ്ധാർത്ഥിന്റെ അടുക്കൽ നിന്നാണ് അവർ വിളിച്ചത് അവനെന്തോ സംഭവിച്ചിട്ടുണ്ടെന്നു തോന്നുന്നു.. എന്നോടൊന്നും കൃത്യമായി പറഞ്ഞില്ല.. ആ നേരം മുതൽ ഞാൻ നിന്നെ വിളിക്കുന്നുണ്ട്. നമ്പർ തരാം .മോനൊന്നു വിളിച്ചു നോക്ക്'. തിടുക്കത്തിൽ തന്നെ അമ്മ നമ്പർ അശ്വിന് പറഞ്ഞു കൊടുത്തു കാൾ കട്ട് ചെയ്തു. അവൻ ആ നമ്പറിൽ ഡയൽ ചെയ്തു ഹലോ ഞാൻ അശ്വിൻ.. സിദ്ധാർത്ഥിന്റെ ആത്മ സുഹൃത്താണ് ഈ നമ്പറിൽ നിന്നും അവന്റെ അമ്മയ്ക്ക് നേരത്തെ കാൾ വന്നിരുന്നല്ലോ.. ന്താ കാര്യം.. അശ്വിൻ.. ആശങ്കയോടെ ചോദിച്ചു. ഹാ ഞാൻ ഒരു പോലീസുകാരൻ ആണ്.. നിങ്ങളുടെ സുഹൃത്ത് ഓടിച്ചിരുന്ന വാഹനം ഒരു അപകടത്തിൽ പെട്ടു.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ അശ്വിൻ പരിഭ്രാന്തിയിലായി ചുറ്റും ഇരുട്ടു പരക്കുന്നുണ്ട്, 'സാർ ഏത് ആശുപത്രിയിൽ ആണ് ഉള്ളത് ഞാനിപ്പോൾ തന്നെ അങ്ങോട്ടേക്ക് വരാം'. ഇങ്ങോട്ട് വരണമെന്നില്ല.. കുറച്ചു കഴിഞ്ഞു നാട്ടിലെത്തും. ഞൻ പിന്നീട് വിളിക്കാം.. പോലീസുകാരൻ കോൾ കട്ട് ചെയ്തു. ആകെ തളർന്ന് അവിടെ തന്നെ കുറേ നേരം അശ്വിൻ ഇരുന്നു.. പിന്നെ ഭ്രാന്തമായി അലറി. വീട്ടുകാർ ഓടി ക്കൂടി.. പതിയെ ശാന്തനായപ്പോൾ കാര്യങ്ങൾ അവതരിച്ചു. പിന്നീട് പൗര പ്രമുഖർ അതേറ്റെടുത്തു. സന്തോഷത്തിന്റെ വരും നാളുകൾ പ്രതീക്ഷിച്ചു കഴിയുന്ന പെങ്ങളും അത്താണിയായ ഏക മോനെ ആശ്രയിക്കുന്ന അമ്മയും ഈ വാർത്ത എങ്ങനെ ഉൾക്കൊള്ളും എന്നതായിരുന്നു ഏക സംസാരം. ആരോ സാവധാനം അവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ഉച്ചക്ക് ഒരു മണിക്ക് വരും എന്നാണ് പറഞ്ഞത്. കാത്തിരുന്നു ഒടുക്കം രണ്ടു മണിയോടെ ആംബുലൻസ് വന്നു .. നിറയെ ആൾകൂട്ടം.. എല്ലാരും സിദ്ധാർത്ഥിനെ കാണാൻ തിരക്ക് കൂട്ടുന്നു.. അശ്വിൻ തിടുക്കം കാട്ടിയില്ല.. ദൂരെ നിന്നും ഒന്ന് നോക്കി.. മുഖം അമർത്തി ഒരുപാട് കരഞ്ഞു. എല്ലാവരും അവനെ യാത്രയാക്കുന്ന തിരക്കിലാണ് അവൻ പോവുകയാണ്.. തന്നെ കൂട്ടാതെ തനിയെ മറ്റേതോ ലോകത്തേക്ക്.
No comments:
Post a Comment