സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിശദമായ കൂടിയാലോചന നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായാണ് തീയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

ഇതിനുമുന്‍പായി സിനിമാ മേഖലയിലെ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും. തീയറ്ററുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുമെന്നും വിനോദ നികുതിയില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇളവുകള്‍ സംബന്ധിച്ച് തീരുമാനമായത്. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം.

50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു. കാണികളും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. തീയറ്ററുകള്‍ക്കുള്ളില്‍ എ.സി പ്രവര്‍ത്തിപ്പിക്കാനും അനുമതിയുണ്ട്.