ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്.

തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. അടിമാലി പടിക്കപ്പ് സ്വദേശി ഷീബയാണ് ആക്രമണത്തിന് പിന്നിൽ.

ഈ മാസം പതിനാറാം തീയതി രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഷീബ വിവാഹിതയാണെന്ന വിവരം അറിഞ്ഞതോടെ അരുൺ വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് അരുണിനെ ഇതെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരുവരും അൽപ നേരം സംസാരിക്കുന്നതും തുടർന്ന് യുവതി ആസിഡ് ഒഴിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. റബർ ഷീറ്റുകളിൽ ഉപയോഗിക്കുന്ന ആസിഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഷീബയ്ക്കും പരുക്കേറ്റിട്ടുണ്ട്.