മലയാളത്തില്‍ ഒട്ടേറെ മുന്‍നിര താരങ്ങളുടെ നായികയായി തിളങ്ങിയ ഉര്‍വശി തനിക്കൊപ്പം അഭിനയിച്ച ഏറ്റവും സുന്ദരനായ നായകന്റെ പേര് വെളിപ്പെടുത്തുകയാണ്.സ്ത്രീ കേന്ദ്രീകൃതമായ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയ ഉര്‍വശി എന്ന നായിക സൂപ്പര്‍ താര സിനിമകളില്‍ വെറുമൊരു പേരിനു വന്നു പോകുന്ന നായികയായി ഒരു സിനിമയില്‍ പോലും അടയാളപ്പെട്ടിട്ടില്ല. നായക പ്രാധാന്യമുള്ള സൂപ്പര്‍ താര സിനിമകളില്‍ പോലും തന്റെ കഥാപാത്രത്തിന് മികച്ച ഒരു കയ്യൊപ്പ് സൃഷ്ടിക്കാന്‍ ഉര്‍വശിക്ക് കഴിഞ്ഞിരുന്നു.

ഉര്‍വശിയുടെ വാക്കുകള്‍

'ഞാന്‍ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും സുന്ദരനായ നായകന്‍ ശ്രീനിവാസനാണ്. ഏത് ചോക്ലേറ്റ് ഹീറോ ഉണ്ടായിരുന്നപ്പോഴും അതിനേക്കാള്‍ വാല്യൂ ഉണ്ടായിരുന്നു ശ്രീനിവാസന്‍ എന്ന നടന്, അതില്‍ ഒരു സംശയവുമില്ല. എല്ലാ വലിയ നായികമാരുടെയും നായകനായി ശ്രീനിയേട്ടന്‍ അഭിനയിച്ചു. ഇപ്പോഴും ഏത് നായിക ആണെങ്കിലും ശ്രീനിയേട്ടന് ഒക്കെ ആണ്. അദ്ദേഹത്തിനൊപ്പം എത്ര സുന്ദരിയായ നായിക അഭിനയിച്ചാലും അതില്‍ നമുക്ക് ഒരു ചേര്‍ച്ച കുറവ് ഫീല്‍ ചെയ്യില്ല. അതുകൊണ്ട് തന്നെ ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരനായ നായകന്‍ ആരെന്നു ചോദിച്ചാല്‍ എന്റെ ഉത്തരം മമ്മൂട്ടിയോ, മോഹന്‍ലാലോ, ജയറാമോ ഒന്നുമായിരിക്കില്ല അത് ശ്രീനിവാസന്‍ എന്ന് തന്നെയായിരിക്കും. ഒരു ടിവി ഷോയില്‍ സംസാരിക്കവേ ഉര്‍വശി വ്യക്തമാക്കി.