തിരുവനന്തപുരം ദത്ത് വിവാദത്തില്‍ അനുപമ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുടുംബ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഹൈക്കോടതി സത്വരമായി ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
കുടുംബകോടതി ഈ വിഷയത്തില്‍ കാര്യക്ഷമമായി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികള്‍ക്ക് കുടുംബക്കടോതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ലെന്നും കോടതി വിലയിരുത്തി.
കുടുംബകോടതി പരിഗണിക്കുന്ന വിഷയത്തില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി എങ്ങനെ നിലനില്‍ക്കുമന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചോദിച്ചു. അനുപമ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിക്കുന്നതാകും ഉചിതമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടർന്നാണ് ഹർജി പിൻവലിച്ചത്.
അതേസമയം, അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന കേസില്‍ അനുപമയുടെ അമ്മയും സഹോദരിയുമുള്‍പ്പെെട 5 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം. പ്രതിപട്ടികയിലുള്‍പ്പെട്ടവര്‍ ഒളിവില്‍ പോകാന്‍ സാധ്യതയില്ലെന്നു ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം ജില്ലാ കോടതി അഞ്ചുപേര്‍ക്കും ജാമ്യം അനുവദിച്ചത്. മാത്രമല്ല ദത്തു നടപടികളുമായി ബന്ധപ്പെട്ട് ആരോപണം നിലനില്‍ക്കുന്നത് ജയചന്ദ്രനെതിരെ മാത്രമാണെന്നും പ്രതിപട്ടികയിലുള്‍പ്പെട്ടവര്‍ക്കെതിരെ പരാമര്‍ശമില്ലെന്നും കോടതി ചൂണ്ടികാട്ടി.
പ്രതികളെ അറസ്റ്റ് ചെയ്യപ്പെടേണ്ട സാഹചര്യമുണ്ടായാല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കണമെന്നും നിര്‍ദേശം നല്‍കി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ അനുപമ നല്‍കിയ പരാതിയില്‍ അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറു പേര്‍ പ്രതികളാണ്. അനുപമയുടെ അഛന്‍ ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.
No comments:
Post a Comment