മാസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം മരയ്ക്കാർ തിയേറ്ററിലെത്തുമ്പോൾ സിനിമയുടെ പ്രൊമോഷൻ എത്രത്തോളമാണോ അത്രയും വലുതാണ് ആരാധകരുടെ പ്രതീക്ഷകളും.

മാസങ്ങൾക്ക് മുന്നേ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം അണിയറ പ്രവർത്തകർ നടത്തിയ സമയത്ത് തുടങ്ങിയ കാത്തിരിപ്പാണ് ആരാധകരുടേത്. കോടികളുടെ കണക്കുകൾക്ക് പുറമെ ആരാധകർ പ്രതീക്ഷിക്കുന്നത് ഒരു മുഴുനീള എന്റർടൈൻമെന്റ്- മാസ് ചിത്രമാണ്.

ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും, ടീസറുകളിൽ നിന്നുമെല്ലാം കണ്ട 'വിഷ്വൽ എഫക്ട്സ്' മുഴുനീള ചിത്രത്തിൽ ഏത് രീതിയിലായിരിക്കും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ട്രെയിലറിലെ മികവ് ചിത്രത്തിലെ മറ്റു രംഗങ്ങളിലും പുലർത്താൻ കഴിഞ്ഞാൽ വിഷ്വൽ എഫക്ട്സിൽ ചിത്രം നീതി പുലർത്തും എന്ന കാര്യത്തിൽ സംശയമില്ല.

മൂന്ന് മണിക്കൂറോളം ഉള്ള ചിത്രത്തെ ആവേശം നഷ്ടപ്പെടാതെ അവതരിപ്പിക്കണം എന്നതാണ് അടുത്ത കടമ്പ. ചിത്രത്തിലെ ഏതെങ്കിലുമൊക്കെ ഭാഗങ്ങൾ വിരസമായ് തോന്നുകയോ പ്രേക്ഷകരെ ബോറടിപ്പിക്കുകയോ ചെയ്താൽ അത് ചിത്രത്തെ ബാധിച്ചേക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ചിത്രത്തിലെ കാസ്റ്റിംഗ് എല്ലാം ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഉപയോഗിച്ചിരിക്കുന്ന ഭാഷയ്ക്കെതിരെ പരക്കെ വിമർശനമുയരുന്നുണ്ട്. ട്രെയിലർ പുറത്ത് വിട്ട ശേഷം ഇത് 'കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ' രണ്ടാം ഭാഗം ആണോ എന്ന രീതിയിൽ വരെ പരിഹസിച്ചവരുണ്ട്.

മറ്റൊരു കാര്യം ക്ളൈമാക്‌സ് ആണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ നടത്തിയ ഒരു പ്രസ്താവനയാണ് ക്ളൈമാക്‌സ് ഏത് രീതിയിലായിരിക്കും എന്നറിയാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. മരക്കാറിൽ 30% ചരിത്രവും, 70 % ഭാവനയുമാണെന്നാണ് പ്രിയദർശൻ പറഞ്ഞത്. ഭാവനയിൽ വിരിയുന്ന മരക്കാറിന്റെ ജീവിതവും അവസാനവും ഏത് രീതിയിലായിരിക്കും എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകർ.

ആരാധകരെ അമിതമായി പ്രതീക്ഷിക്കാനുള്ള അവസരം നൽകിയത് 'മരക്കാറിന്' നൽകിക്കൊണ്ടിരിക്കുന്ന പ്രൊമോഷൻ ആണ്. ദിവസവും ഇറയ്ക്കുന്ന ക്യാരക്ടർ പോസ്റ്ററുകളും, ടീസറുകളും, പ്രൊമോകളും എല്ലാം ചിത്രത്തിന് അമിത പ്രതീക്ഷ വെച്ച് പുലർത്താൻ ഇടയാക്കുന്നുണ്ട്.

അതേ സമയം അഞ്ചു ഭാഷകളിലായി ഒരുക്കിയ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയാണ് റിലീസിന് എത്തുന്നത്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സുഹാസിനി തുടങ്ങി നീണ്ട താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.