തൃശൂർ: പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ നൽകി എന്ന് പറഞ്ഞ പോലെയായി ഈ മാതൃകാപരമായ പ്രവർത്തനം.

തന്റെ ഒറ്റമുറി ഷെഡ് വീടിന്റെ ചോർച്ചയടയ്ക്കാൻ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയ ആൾക്ക് ഒരു വീടു തന്നെ നിർമിച്ചു നൽകി മാതൃകയായിരിക്കുകയാണ് കടയുടമ.

തൃശൂർ വെള്ളക്കാരിത്തടം ഷിനു പള്ളിക്കലിന്റെ കുടുംബത്തിനാണ് പേര് വെളിപ്പെടുത്താൻ പോലും ആഗ്രഹിക്കാത്ത ആ നല്ല മനസിന്റെ ഉടമയായ കടയുടമ സ്വപ്ന തുല്യമായ വീട് നിർമ്മിച്ചു നൽകിയത്.

നടത്തറയിലുള്ള കടയുടമയാണ് 4 ലക്ഷം രൂപ ചെലവഴിച്ച് 300 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് പണിതു നൽകിയത്. ഒറ്റമുറി ഷെഡിലാണു ഭാര്യയും 2 പിഞ്ചുകുട്ടികളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.

മാസങ്ങൾക്കു മുൻപ് ഷെഡിന്റെ ചോർച്ചയടയ്ക്കാൻ സഹായം തേടി ചെന്നായ്പാറ ദിവ്യ ഹൃദയാശ്രമത്തിൽ ത്തിയതായിരുന്നു ഈ കുടുംബനാഥൻ. ഡയറക്ടർ ഫാ. ജോർജ് കണ്ണംപ്ലാക്കൽ ഈ വിവരം ഡ്രീംനേഷൻ മൂവ്മെന്റ് പ്രവർത്തകരായ ദിനേശ് കാരയിൽ, അലോഷ്യസ് കുറ്റിക്കാട്ട് എന്നിവരെ അറിയിച്ചു.

കുറഞ്ഞ ചെലവിൽ വീട് അടച്ചുറപ്പുള്ളതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇവർ നടത്തറയിലെ കടയിലെത്തി പഴയ തകര ഷീറ്റുകൾ അന്വേഷിച്ചു.

ഇതറിഞ്ഞ കടയുടമ ഷിനുവിന്റെ വീട് സന്ദർശിക്കുകയും പുതിയ വീട് പണിതു നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്യുകയായിരുന്നു. ഫാ.ജോർജ് കണ്ണംപ്ലാക്കലിന്റെ നിരീക്ഷണത്തിൽ നിർമിച്ച വീട് പണി പൂർത്തിയാക്കി ഇന്നലെ താക്കോൽ കൈമാറി.