കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നൽകി.10 ഏക്കറിലധികം എസ്റ്റേറ്റ് ഉള്ളവര്‍ക്ക് പാര്‍ക്കിന്റെ ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണ്.
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തില്‍ കുതിച്ചുചാട്ടം നടത്തിയെന്നും വ്യവസായ മന്ത്രി പി രാജീവ് കൊച്ചിയില്‍ പറയുകയുണ്ടായി.

സംസ്ഥാനത്ത് ചെറുകിട സ്വകാര്യ മേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ വരുന്നു. സ്വകാര്യ കമ്പനികള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവക്ക് സര്‍ക്കാര്‍ സഹായത്തോടെ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാവുന്നതാണ്. ചുരുങ്ങിയത് പത്ത് ഏക്കര്‍ സ്ഥലമെങ്കിലും വേണം. പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ പരമാവധി 3 കോടി രൂപ വരെ അനുവദിച്ച്‌ നല്‍കുന്നതാണ്. വിശദാംശങ്ങള്‍ പരിശോധിച്ച്‌ 7 വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും അന്തിമ അനുമതിയുണ്ടാവുക.

ഇതുവരെ 20 അപേക്ഷകള്‍ പാര്‍ക്കിനായി ലഭിച്ചിട്ടുണ്ട്.മേയില്‍ സ്വകാര്യ വ്യവസായ പാര്‍ക്കിന് കല്ലിടുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ 3884 കോടിയുടെ വിറ്റുവരവോടെ പ്രവര്‍ത്തനലാഭത്തില്‍ 245 ശതമാനം വര്‍ധനയുണ്ടാക്കിയെന്നും പി രാജീവ് വ്യക്തമാക്കി. വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖല സ്ഥാപനങ്ങളില്‍ 20 എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭം ഉണ്ടാക്കി. നിരന്തരമായ ഇടപെടലുകളിലൂടെയാണ് മികച്ച നേട്ടത്തിലേക്കെത്തിയതെന്നും മന്ത്രി പറഞ്ഞു.