മൊബൈൽ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് 68 കാരന് ദാരുണാന്ത്യം.ദയാറാം ബറോഡ് എന്നയാളാണ് മരണപ്പെട്ടത്. ദയാറാമിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. സുഹൃത്തിനൊപ്പം ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്ന ബറോഡിന്‍റെ ഫോണ്‍ കോള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ ബറോഡിനെ കണ്ടെത്തുന്നത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോൺ കഷണങ്ങളും കണ്ടെടുത്തു. വീട്ടിൽ നിന്ന് മറ്റ് സ്‌ഫോടക വസ്തുക്കളൊന്നും പൊലീസ് കണ്ടെടുത്തിട്ടില്ല. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ബറോഡ് ആരോടോ സംസാരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചാണ് ഇയാൾ മരിച്ചതെന്ന് സംശയിക്കുന്നുണ്ടെങ്കിലും മരണകാരണം കണ്ടെത്തുന്നതിനായി ഫോറൻസിക് വിദഗ്ധർ സംഭവത്തെക്കുറിച്ച് എല്ലാ കോണുകളിലും അന്വേഷണം നടത്തി വരികയാണെന്ന് ബദ്‌നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് മനീഷ് മിശ്ര പറഞ്ഞു.
വീടിന് സമീപത്തുകൂടി കടന്നുപോകുന്ന ഹൈടെൻഷൻ വൈദ്യുതി ലൈൻ മൂലമാണോ അപകടമുണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് വിദഗ്ധർ.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.
No comments:
Post a Comment