ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ഡയറി ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം 11 ആയി. സംഭവത്തിൽ 4 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷവും, ആശുപത്രിയിലുള്ളവർക്ക് 50000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകാരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് പറഞ്ഞു.
ഇന്ന് രാവിലെ ഏഴേകാലോടെയാണ് ഗിയാസ്പുരയിലെ ഗോയൽ മിൽക്ക് പ്ലാന്റില് വാതകം ചോർന്നത്. ഫാക്ടറിക്ക് 300 മീറ്റർ ചുറ്റളവിൽ വാതകം പടർന്നു. മരിച്ചവരിൽ ഒരു കുടുംബത്തിലെ നാല് പേരും മൂന്ന് കുട്ടികളും ഉൾപ്പെടും.
വിഷവാതകമാണ് ചോർന്നതെന്നും, മരിച്ചുവീണവരുടെ മൃതദേഹങ്ങൾ നീല നിറത്തിലായെന്നും പ്രദേശവാസികൾ പറഞ്ഞു.പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഉടൻ പ്രദേശവാസികളെ ഒഴിപ്പിച്ചു. സമീപത്തെ മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലം സീൽ ചെയ്തു.
ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. മാൻഹോളിലെ മീഥെയ്നുമായി ഫാക്ടറിയിലെ രാസവസ്തു കലർന്നതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ലുധിയാന ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.
ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് എന്ത് വാതകമാണ് ചോർന്നതെന്നതിലും വാതക ചോർച്ചയുടെ കാരണവും സ്ഥിരീകരിച്ചിട്ടില്ല. ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ, എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അറിയിച്ചു .
No comments:
Post a Comment