തൃശൂർ: പൂര പ്രേമികള്‍ക്കായി വർണ്ണ വിസ്മയം തീർത്ത് തെക്കേ ഗോപുരനടയില്‍ കുടമാറ്റം. തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും വിവിധ വര്‍ണ്ണത്തിലുളള കുടകള്‍ ഉയര്‍ന്നു. 15 ഓളം ആനകളാണ് കുടമാറ്റത്തിനായി അണിനിരന്നത്.
പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റത്തിന് തുടക്കം കുറിച്ചത്. പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തെക്കോട്ടിറക്കത്തിൽ എഴുന്നളളിയത്.
15 കൊമ്പൻമാരാണ് ഇരുവശവും അണിനിരന്നത്. ആനപ്പുറത്ത് കുടകൾ പലവിധം മാറിമാറി നിവരുമ്പോൾ പൂരപ്പറമ്പു നിറഞ്ഞ ജനം ആവേശം കൊണ്ട് ആർപ്പുവിളിച്ചു.
പൂരത്തിന് ശ്രവ്യവിരുന്നൊരുക്കിയ ഇലഞ്ഞിത്തറമേളം അവസാനിച്ചതോടെയാണ് തെക്കോട്ടിറക്കവും ആരംഭിച്ചത്. കഴിഞ്ഞ 24 വര്‍ഷമായി കുട്ടന്‍ മാരാരായിരുന്നു ഇലഞ്ഞിത്തറ മേളത്തിന് പ്രാമാണിത്തം വഹിച്ചതെങ്കില്‍ ഇത്തവണ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തിലാണ് ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയത്.
നാളെ പുലർച്ചെയാണ് വെടിക്കെട്ട് . പൂരത്തിന് ആവേശം നിറച്ച മഠത്തില്‍ വരവിന് പ്രമാണിത്തം വഹിച്ചത് കോങ്ങാട് മധുവാണ്. ഘടകപൂരങ്ങളുടെ വരവോടെയാണ് രാവിലെ ചടങ്ങുകള്‍ ആരംഭിച്ചത്. നെയ്തലക്കാവിലമ്മയെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരിയിലെത്തിയതോടെ ആവേശം പരകോടിയിലെത്തി.
ജനസാഗരമാണ് ഗജസാമ്രാട്ടിനെ കാണാന്‍ വഴിനീളെ കാത്തുനിന്നത്. ഘടകപൂരങ്ങളെല്ലാം കിഴക്കേനടയില്‍ എത്തിയ ശേഷം രാവിലെ 11.30ഓടെയാണ് മഠത്തില്‍ വരവ് പഞ്ചവാദ്യം ആരംഭിച്ചു.
രാത്രി 10.30ക്ക് ചോറ്റാനിക്കര നന്ദപ്പ മാരാര്‍ പ്രമാണിയാകുന്ന പാറമേക്കാവിന്റെ പഞ്ചവാദ്യം ആരംഭിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് വെടിക്കെട്ട് നടക്കും. പൂരപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന വെടിക്കെട്ടിന് ആദ്യം തിരുവമ്പാടിയും തുടര്‍ന്ന് പാറമേക്കാവും തിരികൊളുത്തും.
പകല്‍പ്പൂരത്തിന് ശേഷം ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരം പര്യവസാനിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോര്‍ഡ് ജനക്കൂട്ടമാണ് പൂരത്തിന് എത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി 4100 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
No comments:
Post a Comment