ഫോൺപേ, ഗൂഗിൾപേ, പേടിഎം തുടങ്ങിയ ആപ്പുകൾ വാഴുന്ന ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെൻറ് രംഗത്ത് സ്ഥാനമുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് മെറ്റയുടെ കീഴിലുള്ള സന്ദേശമയക്കൽ ആപ്പായ വാട്സ്ആപ്പ്. ഏറെ പ്രതീക്ഷയോടെ ഇന്ത്യയിൽ അവതരിപ്പിച്ച 'വാട്സ്ആപ്പ് പേ' സേവനം പരാജയത്തിന്റെ വക്കിലെത്തിയതോടെ കമ്പനി യുപിഐ പേയ്‌മെൻറുകൾക്ക് ക്യാഷ്ബാക്ക് ഓഫർ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്കായി 51 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുകളാണ് കമ്പനി ഇപ്പോൾ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.21.20.3-ലാണ് ക്യാഷ്ബാക്ക് ഓപ്ഷൻ കണ്ടെത്തിയത്. ബിസിനസ് ഇൻസൈഡറാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വ്യത്യസ്‌ത കോൺടാക്‌റ്റുകളിലേക്ക് വാട്​സ്​ആപ്പ്​ പേയിലൂടെ പണം അയക്കുമ്പോൾ ക്യാഷ്ബാക്ക് ക്ലെയിം ചെയ്യാൻ വാട്​സ്​ആപ്പ്​ നിങ്ങളെ അനുവദിക്കും. യൂസർമാർക്ക്​ ഇത് അഞ്ച് തവണ ക്ലെയിം ചെയ്യാം, മിനിമം തുക ആവശ്യകതകളൊന്നുമില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ കോൺടാക്​ടിലുള്ള അഞ്ച്​ പേർക്ക്​ ഒരു രൂപ വെച്ച്​ അയച്ച്​,​ 255 രൂപ വരെ ക്യാഷ്​ബാക്ക്​ സ്വന്തമാക്കാം. അവരാരും ഒരു രൂപ തിരിച്ചയച്ചില്ലെങ്കിൽ പോലും 250 രൂപ നിങ്ങളുടെ അക്കൗണ്ടിൽ കിടക്കും.

നിലവിൽ വാട്​സ്​ആപ്പ്​ ബീറ്റ വേർഷൻ ഉപയോഗിക്കുന്നവരിൽ ചിലർക്ക്​​ മാത്രമാണ്​ ക്യാഷ്​ബാക്ക്​ പ്രോഗ്രാം ലഭ്യമായിട്ടുള്ളത്​. വരും ആഴ്​ച്ചകളിൽ എല്ലാ യൂസർമാർക്കും സേവനം ലഭ്യമാകുമെന്ന്​ പ്രതീക്ഷിക്കാം. ഇന്ത്യയിൽ ഡിജിറ്റൽ പേയ്​മെൻറ്​ രംഗത്ത്​ കാലുറപ്പിക്കാനുള്ള 'മെറ്റ'യുടെ അവസാനത്തെ അടവാണിത്​ എന്ന്​ പറയാം.

വാട്‌സ്ആപ്പ് യുപിഐ എങ്ങനെ ഉപയോഗിക്കാം?

▪വാട്‌സ്ആപ്പ് തുറന്ന് വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക.

▪അതിൽ പേമെന്റ് തിരഞ്ഞെടുക്കുക.

▪ആഡ് പേമെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

▪വെരിഫിക്കേഷനു ശേഷം ബാങ്ക് തിരഞ്ഞെടുക്കുക.

▪പേമെന്റ് സെക്ഷനിൽ താഴെ വലതു ഭാഗത്തായുള്ള ന്യൂ പേമെന്റ് തിരഞ്ഞെടുത്ത് കോൺടാക്ട് ലിസ്റ്റിലുളളവർക്ക് പണമയക്കാം.

▪ഓരോ ചാറ്റ് വിൻഡോ തുറക്കുമ്പോഴും താഴെ അറ്റാച്ച്‌മെന്റ് ബട്ടന് സമീപത്തായി പേമെന്റ് ഓപ്ഷനും കാണാം.