സർക്കാർ ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നുവെന്ന പരാതിയിൽ മിന്നൽ പരിശോധന നടത്തി പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാർ. വൃത്തിയില്ലാതെ കിടക്കുന്ന ആശുപത്രിയിലെ ഫാർമസിയും ഓഫിസും അടക്കമുള്ള സ്ഥലങ്ങൾ കണ്ടെത്തിയ എംഎല്‍എ സ്വയം ചൂലെടുത്ത് തറ തൂത്തുവാരി.

വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണ് ഇപ്പോൾ താൻ തറ വൃത്തിയാക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

മൂന്ന് കോടി രൂപ എംഎല്‍എ ഫണ്ടിൽ നിന്നുമെടുത്ത് പണികഴിപ്പിച്ച ഉദ്ഘാടനത്തിന് കാത്തുനിൽക്കുന്ന തലവൂരിലെ ആയുർവേ ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ എത്തിയതായിരുന്നു ഗണേശ് കുമാർ. അഴുക്കുപിടിച്ച തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ഗണേഷ് കുമാർ ദേഷ്യപ്പെടുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

വെറും ആറ് മാസങ്ങൾക്ക് മുമ്പ് തുറന്നുകൊടുത്ത ശൗചാലയങ്ങൾ പൊട്ടിത്തകർന്നു കിടക്കുന്നത് കണ്ട എംഎൽഎ പ്രകോപിതനായി. ഉദ്ഘാടനത്തിന് മന്ത്രി എത്തുന്നതിനു മുൻപേ ആശുപത്രി വൃത്തിയാക്കാത്ത പക്ഷം അതിന്‍റെ ഫലം ജീവനക്കാര്‍ അനുഭവിക്കേണ്ടിവരുമെന്ന് അറിയിച്ചാണ് എംഎല്‍എ ആശുപത്രിയില്‍ നിന്നും മടങ്ങിയത്.